Sunday, December 11, 2022

181216, പഠിക്കാൻ പഠിക്കണം; വിദ്യാഭ്യാസത്തിന്റെ മർമത്തെക്കുറിച്ച് ഡോ. ടി.പി.ശശികുമാർ


പഠിക്കാൻ പഠിക്കണം; വിദ്യാഭ്യാസത്തിന്റെ മർമത്തെക്കുറിച്ച് ഡോ. ടി.പി.ശശികുമാർ 

മനോരമ ലേഖകൻ DECEMBER 16, 2018










ദുബായ് ∙ ‘പഠിക്കാൻ പഠിപ്പിക്കാത്തതാണ് പഠനത്തിലെ ഏറ്റവും വലിയ പ്രശ്നം. പഠിക്കാനാണ് കുട്ടികളെ പരിശീലിപ്പിക്കേണ്ടത്. അവർ പിന്നെ തനിയെ അവരുടെ വഴി കണ്ടെത്തിക്കൊള്ളും’ - ഡോ.ടി.പി ശശികുമാർ പറഞ്ഞു. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാതെ, സൈക്കിളിൽ പോകേണ്ട വഴിയെക്കുറിച്ചു പറയുന്നതാണ് നമ്മുടെ രീതി. സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചാൽ അവർക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുത്ത് പോകാനാകും- അദ്ദേഹം വ്യക്തമാക്കി.


എട്ടുലക്ഷത്തോളം വിദ്യാർഥികൾക്കും അഞ്ചു ലക്ഷത്തോളം അധ്യാപകർക്കും പഠനത്തിന്റെ രസതന്ത്രം ബോധ്യമാക്കി നൽകിയ ഈ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ 20 വർഷത്തോളം ആ മേഖലയിൽ തിളങ്ങിയ ശേഷമാണ് അധ്യാപനത്തിന്റെ പുതിയ ആകാശങ്ങൾ പരിചയപ്പെടുത്താനിറങ്ങിയത്. ഹൈദരാബാദിലെ അഡ്രിൻ (അഡ്വാൻസ്ഡ് ഡേറ്റാ പ്രോസസിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്), റോ, ഡൽഹിയിൽ സുരക്ഷാ ഡയറക്ടറേറ്റ് എന്നിവടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഗുരുകുലം പോലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും പരീക്ഷണം നടത്തുന്നു. 

ശാസ്ത്രജ്ഞൻ, അധ്യാപകൻ വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ ഇങ്ങനെ ഒട്ടേറെ വേഷപ്പകർച്ച നടത്തിയിട്ടുള്ള അദ്ദേഹം അതിഥിയായി മനോരമയോടു മനസ്സ് തുറന്നു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജയിൽ വിദ്യാർഥികൾക്കായി നടത്തുന്ന ശിൽപശാലയ്ക്കായി എത്തിയതാണ് അദ്ദേഹം. 

ശരിയായ വിദ്യാഭ്യാസം എന്താണ് 

വിവരങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനാണ് പഠനം എന്നു പറയുന്നത്. വിവരങ്ങൾ എവിടെ നിന്നും വരാം. എന്നാൽ ഉപയോഗപ്രദമായ വിവരങ്ങളെയാണ് വിജ്ഞാനം എന്നു പറയുന്നത്. അത് എവിടെ പ്രയോഗിക്കണം എന്ന് മനസ്സിലാക്കണം. ശരിയായ കാര്യങ്ങൾക്കായി അത് ഉപയോഗിക്കുന്നതിന് വിവേകം വേണം. ഇംഗ്ലിഷിൽ എല്ലാം നോളജ് ആണ്. എന്നാൽ ഭാരതീയ ശാസ്ത്രങ്ങളിൽ വിവരവും വിവേകവുമെല്ലാം പ്രത്യേകമായി പരാമർശിക്കപ്പെടുന്നു. സിലബസല്ല നമ്മുടെ വിദ്യാഭ്യാസ  സമ്പ്രദായത്തിലെ പ്രശ്നം അധ്യാപകരാണ്. അവർക്കാണ് ഏറ്റവും കുറച്ച് ശമ്പളം കിട്ടുന്നത്. അവരാണ് ഏറ്റവും കുറച്ച് മാത്രം പുതിയ കാര്യങ്ങൾ പഠിക്കുന്നത്. ഒരിക്കൽ അധ്യാപകരായാൽ അതേ കാര്യവുമായി വർഷങ്ങളോളം പോകും. വർഷങ്ങൾ കൂടുന്നതു കൊണ്ട് കാര്യമില്ല. അത് ഒന്ന് ഗുണം ഒന്ന് ഗുണം ഒന്ന് എന്ന രീതിയിൽ പോകും. അവസാനവും ഒന്നു മാത്രം കാണും. ഒന്നിന്റെ കൂടെ എന്തെങ്കിലും ചേർക്കാൻ കഴിയുമ്പോഴേ മൂല്യത്തിന് വ്യത്യാസം വരൂ. ചൈനയിൽ എല്ലാ വർഷവും അധ്യാപകർ പരീക്ഷ എഴുതണം. റെയിൽവേ ടിക്കറ്റ് കൗണ്ടർ മുതൽ പാൽ ബൂത്ത് വരെ എടുത്താൽ അവിടെല്ലാം ഇലക്ട്രോണിക് രീതിയിലേക്ക് കാര്യങ്ങൾ മാറും. എന്നാൽ ക്ലാസ് മുറിയിൽ മാത്രം ഇപ്പോഴും  ചോക്കും കറുത്ത ബോർഡും കാണും. പുതിയ സംവിധാനങ്ങൾ ഉപയോഗിക്കാൻ അധ്യാപകർ പ്രാപ്തി നേടണം. 


എന്തുകൊണ്ടാണ് ഒരു രാജ്യത്ത് വ്യത്യസ്ത സിലബസുകൾ 

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വ്യത്യസ്ത സിലബസുകൾ ഉള്ളതിനെ തള്ളിപ്പറയാനാവില്ല. അതെല്ലാം വിരുന്നു സൽക്കാരത്തിൽ വയ്ക്കുന്ന വ്യത്യസ്ത വിഭവങ്ങൾ പോലെയാണ്. താൽപര്യമുള്ള വിഷയം, വിദ്യാർഥിയുടെ ശേഷി, ഇവയനുസരിച്ച് സിലബസ് തിരഞ്ഞെടുക്കാൻ കഴിയും. ഒരോ വിദ്യാർഥിക്കും അവരവർക്ക് യോജിച്ച സിലബസ് ലഭ്യമാകുന്നു. അല്ലെങ്കിൽ കമ്പോളത്തിൽ ഒരു സോപ്പും ഒരു ഉൽപ്പന്നവും മാത്രം വയ്ക്കുന്ന രീതി പോലെയാകും. 

കേരളത്തിൽ വിദ്യാഭ്യാസത്തിന് പഴയ ഗുണനിലവാരം ഇന്നുണ്ടോ

അതാണ് പരിതാപകരം. വിജയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഗുണനിലവാരത്തിന്റെ കാര്യത്തിൽ സ്ഥിതി  കഷ്ടമാണ്. പണ്ട് അരിക്കൽ പ്രക്രിയ ഒരോ ഘട്ടത്തിലും നടക്കുമായിരുന്നു. ഇന്ന് ബിടെക് ലെവൽ ആകുമ്പോഴാണ് ആ അരിക്കൽ പ്രക്രിയ നടക്കുന്നത്. വിദ്യാഭ്യാസത്തിൽ ഭാഷയല്ല, കൺസപ്റ്റാണ് വലുത്. പണ്ട് റഷ്യയിലും ചൈനയിലും അവരവരുടെ ഭാഷയിലാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ന് വിദേശത്തെ പ്രശസ്തമായ കിങ്സ് കോളജ് പോലുള്ള യൂണിവഴ്സിറ്റികളിൽ കൂടുതലും ചൈനക്കാരാണ് പഠിക്കുന്നത്. ഇംഗ്ലിഷിന്റെ പ്രാധാന്യം മനസ്സിലായി അവർ പുറത്തേക്കു വരികയാണ്. എല്ലാം മലയാളത്തിൽ തന്നെ പഠിപ്പിക്കണം എന്നു വാശിപിടിക്കുന്നത് ഗുണകരമല്ല. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ എങ്ങനെ മലയാളത്തിൽപറയും എന്ന് ചിലരുടെ മലയാള വാശികണ്ട് ഒരിക്കൽ ചോദിച്ചു പോയിട്ടുണ്ട്.

ഇക്കാര്യങ്ങളെല്ലാം എന്നാവും ഒരുമിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരിക 

നോക്കൂ, പണ്ട് കംപ്യൂട്ടറുകൾ വന്നപ്പോൾ ഏതെങ്കിലും കംപ്യൂട്ടർ സ്ഥാപനം ഒക്കെയായിരുന്നു ചെറിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തിയിരുന്നത്. ഇന്നത് മാറി. നമ്മുടെ വിദ്യാലയങ്ങളിൽത്തന്നെ വിവിധ കംപ്യൂട്ടർ കോഴ്സുകൾ വന്നു. ഇതുപോലെ എല്ലാക്കാര്യങ്ങളും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഉൾച്ചേർന്നു വരും. 

മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങിനൊപ്പമുണ്ടായിരുന്ന നാളുകൾ 

ഒരോ ചെറിയ കാര്യവും വായിക്കുകയും ഓർമയിൽ വയ്ക്കുകയും ചെയ്യുന്ന മഹാനാണ് അദ്ദേഹം. ഒരോ ഫയലും അദ്ദേഹം പഠിക്കുമായിരുന്നു. പല സന്ദർഭങ്ങളിലും അത് മനസ്സിലായിട്ടുണ്ട്. പണ്ട് അമേരിക്ക ക്വോട്ടോ കരാർ ഒപ്പിടാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം പെട്ടെന്ന് കൊടുത്ത മറുപടി കേട്ട് വിസ്മയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആകെ ജനസംഖ്യ കണക്കാക്കിയാൽ ഒരോരുത്തരും ഉണ്ടാക്കുന്ന മലിനീകരണ തോത് ചെറുതാണെന്നും എന്നാൽ അമേരിക്കയിൽ ആളോഹരി മാലിന്യനിരക്ക് കണക്കാക്കിയാൽ ഏറെ വലുതാണെന്നും അദ്ദേഹം അവരോടു പറഞ്ഞു. വളരെപ്പെട്ടെന്ന് ഇങ്ങനെ മറുപടി പറയാൻ കാര്യങ്ങൾ പഠിക്കുന്നവർക്കേ കഴിയൂ. 

‘മക്കളെ ശക്തരാക്കാൻ മാർഗമുണ്ട്’ 

വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ പ്രവണത കൂടുതന്നു. അവർ വൈകാരികമായി ഏറെ ദുർബലരായി പോകുന്നത് എന്തു കൊണ്ട് 

ശാരീരികം, വൈകാരികം, ബൗദ്ധികം, സാമൂഹികം, ആത്മീകം എന്നീ 5 തലങ്ങൾ ചേർന്നാണ് വ്യക്തിയാകുന്നത്. ഈ തലങ്ങളിലെല്ലാം വളർച്ചയുണ്ടാകുന്നതാണു സമഗ്ര വളർച്ച. വിദ്യാർഥികൾക്ക് വളർച്ചയുടെ കാലഘട്ടത്തിൽ പ്രത്യേകിച്ച് കൗമാര കാലഘട്ടത്തിൽ ശാരീരിക മാറ്റങ്ങൾ ഉണ്ടാകുന്നു. അതിന് അനുസരിച്ച് വൈകാരിക മാറ്റങ്ങളും സംഭവിക്കും. ഇത് മനസ്സിലാക്കാൻ അധ്യാപകർക്ക് കഴിയണം. ഇന്ന് സ്കൂളുകളിൽ കൗൺസലേഴ്സ് ഉണ്ട്. പക്ഷേ എത്ര കുട്ടികൾ ഇവരോട് കാര്യങ്ങൾ തുറന്നു   പറയാൻ തയാറാകും. നിരന്തര സമ്പർക്കും ഉണ്ടാകുമ്പോൾ മാത്രമാണ് കുട്ടികൾക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള വിശ്വാസം ഉണ്ടാകുക. സ്കൂളിൽ അധ്യാപകർക്കും വീട്ടിൽ മാതാപിതാക്കൾക്കും കുട്ടികളിൽ ശരിയായ സ്വാധീനം ഉണ്ടാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ അവർ പലപ്പോഴും സമപ്രായക്കാരായ കൂട്ടുകാരുടെ സ്വാധീനത്തിലാവും. അവരാകും കുട്ടികളെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. പക്വതയില്ലാത്ത ഇവരുടെ ചിന്തകളും ഉപദേശങ്ങളും  പ്രശ്നമാണ്. എല്ലാ തീരുമാനങ്ങൾക്കും  ബൗദ്ധീകമായ പിന്തുണ വേണം. ശരിയായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പലപ്പോഴും ബുദ്ധിപരമായ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്നത്. ഇക്കാര്യവും കുട്ടികൾക്ക് ലഭിക്കാതെ വരുന്നു. നല്ല സമൂഹം എപ്പോഴും നല്ല വളർച്ചയ്ക്കു സഹായിക്കും. പക്ഷേ നല്ല സമൂഹം ഇല്ലാതാകുന്നു. അതോടൊപ്പം    മാതാപിതാക്കൾ തന്നെ കുട്ടികളെ സമൂഹവുമായി ബന്ധപ്പെടാതെ വളർത്തുന്നു. കുട്ടികൾ വീട്ടിൽ പോലും പരസ്പരം മിണ്ടാതെ വളരുന്നു. മാതാപിതാക്കൾ തമ്മിലും കുട്ടികൾ തമ്മിലും ആരോഗ്യപൂർണമായ സംസാരം ഇല്ലാതെ വരുന്നത് വലിയ പ്രശ്നങ്ങളാണ്. ആത്മീയ ഘടകമാണ് അടുത്തത്. ഇതാണ് പലപ്പോഴും മൂല്യാധിഷ്ഠിത ചിന്തകളെ വളർത്തുന്നത്. അവിടെയും ശരിയായ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി  ഈ സ്ഥിതിക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. മൂല്യബോധത്തെക്കുറിച്ചും കുടുംബവ്യവസ്ഥിതിയെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഞാൻ ശുഭാപ്തി വിശ്വാസക്കാരനാണ്.

 https://www.manoramaonline.com/global-malayali/gulf/2019/12/16/interview-with-dr-tp-sasikumar.html

No comments:

Post a Comment